Kerala
പരവൂർ: ട്രെയിനുകൾക്ക് നേരേ യുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു.
റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി.
കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്.
ട്രാക്കിനു സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നുമാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികൾ ട്രാക്കിൽ നാണയവും മെറ്റൽ കഷണങ്ങളും വയ്ക്കുന്നതായി പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമൂലം ഉണ്ടാകുന്ന ഗൗരവകരമായ അനന്തരഫലങ്ങളെക്കുറിച്ച് വീടുകളിലും സ്കൂളുകളിലും ബോധവത്കരണം നടത്തണമെന്നും റെയിൽവേ പോലീസ് അഭ്യർഥിച്ചു.
റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നതും ട്രാക്കിലും പരിസരത്തും ലഹരിപദാർഥങ്ങളുടെ ഉപയോഗവും, പൊതുമുതൽ നശിപ്പിക്കുന്നതും രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്. ട്രാക്കിലൂടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരിപൂർണ പിന്തുണയും ആർപിഎഫ് തേടിയിട്ടുണ്ട്.
പതിവായി കല്ലേറ് റിപ്പോർട്ട് ചെയ്യുന്ന കൊല്ലം-പെരിനാട് സെക്ഷനിൽ ട്രാക്കിനു സമീപം സംശയം തോന്നുന്ന വിധം കുട്ടികളെയോ മറ്റ് സാമൂഹ്യ വിരുദ്ധരുടെയോ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അനിഷ്ട സംഭവങ്ങൾക്കെതിരേ പ്രതിരോധം കടുപ്പിക്കാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് ആർപിഎഫും യാത്രക്കാരും.
16605 തിരുവനന്തപുരം- ഏറനാട്, 12075 ജനശതാബ്ദി, 66315 കോട്ടയം- കൊല്ലം മെമു, നാഗർകോവിൽ- കോട്ടയം എക്സ്പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, മധുര- ഗുരുവായൂർ ട്രെയിനുകളിൽ പതിവായി ഈ സെക്ഷനിൽ കല്ലേറ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും റെയിൽവേ അറിയിച്ചു.
ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമൂഹ്യ വിരുദ്ധശല്യം പൂർണമായും ഒഴിവാക്കുന്നതിന് ആർ പിഎഫ് ഹെല്പ് ലൈൻ നമ്പറിൽ (9846 200 100) വിവരങ്ങൾ കൈമാറണമെന്നും യാത്രക്കാരോട് റെയിൽവേ അഭ്യർഥിച്ചു.
Kerala
കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരണത്തിനായി റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിയ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ തലശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് വിദ്യാർഥികൾ റീൽ ചിത്രീകരണത്തിനായി തടഞ്ഞത്. കണ്ണൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ തുടർന്ന് ജാമ്യത്തിൽ വിട്ടു.
Kerala
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം അകത്തുമുറിയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ മദ്യലരിയിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്.
അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റാൻ കഴിയുന്നതാണ്. ഓട്ടോറിക്ഷ ഡ്രൈവർ ഇത്തരത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ വാഹനമാണ് അപകടമുണ്ടാക്കിയത്.
ട്രെയിൻ വരുന്പോൾ വാഹനം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടിയതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ആണ് അപകടത്തിൽപെട്ടത്.
ഓട്ടോറിക്ഷ ട്രാക്കിൽ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗം കുറച്ചു. ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന്
ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 52.835 കിലോഗ്രാം കഞ്ചാവുമായി റെയിൽവേ ബെഡ് റോൾ ജീവനക്കാരനും രണ്ടു മലയാളിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.
പശ്ചിമ ബംഗാൾ സ്വദേശിയും റെയിൽവേ ബെഡ് റോൾ ജീവനക്കാരനുമായ സുഖ്ലാൽ (27), പാലക്കാട് സ്വദേശി കുളത്തിൽ വീട്ടിൽ ദീപക് (28), എറണാകുളം സ്വദേശി കാട്ടിൽപ്പറമ്പിൽ വീട്ടിൽ സരൂപ് (34) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് എസ്ഐ എ. നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലർച്ചെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിനു സമീപം നിർത്തിയിട്ടിരുന്ന ടാറ്റാ നഗർ എക്സ്പ്രസിൽനിന്നും കഞ്ചാവുമായി പ്രതികൾ അറസ്റ്റിലായത്.
പ്രതിയായ ദീപക് 65 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് -1 കോടതി മുമ്പാകെ ഹാജരാക്കി. പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.
Kerala
പാലക്കാട്: ട്രെയിൻ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച യുവാവ് പിടിയിൽ. ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ സൈനുലാബുദ്ദീൻ (39) ആണ് പിടിയിലായത്.
ഷൊർണൂരിൽ വച്ച് റെയിൽവേ പോലീസാണ് ഇയാളെ പിടികൂടിയത്. ജന്മനാ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്തയാളാണ് പ്രതി. കഴിഞ്ഞ ബുധനാഴ്ച കാസർഗോഡ് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാൽ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാൾ മോഷ്ടിച്ചത്.
റെയിൽവേ സ്റ്റേഷനലുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ ഷൊർണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും സഹായിച്ചത്. എറണാകുളത്ത് നിന്നും കാസർഗോട്ടേക്ക് മംഗള എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ സി.കെ. ആസിഫ് യാത്ര ചെയ്തിരുന്നത്.
ഉറക്കം ഉണർന്നു നോക്കുമ്പോൾ ട്രെയിൻ ഷൊർണൂരിൽ എത്തിയിരിക്കുന്നു. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ആസിഫ് ഉടനെ ഷൊർണൂർ റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു.
പിന്നീട് കേസെടുത്ത് കോഴിക്കോട് മുതലുള്ള വിവിധ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിരൂരിൽ നിന്നും പ്രതി ട്രെയിനിലേക്ക് കയറുന്നതും പട്ടാമ്പിയിൽ ബാഗുമായി ട്രെയിനിൽ നിന്നും ഇറങ്ങി പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.
വ്യാഴാഴ്ച്ച പ്രതി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയന്ന് വിവരം കിട്ടിയ പൊലീസ് റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാൽ രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സ്പെഷ്യൽ ഡ്രൈവിനിടെ ബാഗുമായി പ്രതി റെയിൽവേ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
Kerala
പരവൂർ: വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സംയുക്ത പരിശോധന നടത്താൻ ആർപിഎഫ് - റെയിൽവേ പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി അനധികൃത യാത്ര, ഫുട്ബോർഡ് യാത്ര, അതിക്രമിച്ച് കടക്കൽ എന്നിവ തടയുന്നതിന് തീവ്രമായ ഡ്രൈവുകൾക്ക് ഇരുവിഭാഗം സേനകളും കഴിഞ്ഞ ദിവസം മുതൽ തുടക്കമിട്ടു.
ഡിവിഷൻ പരിധിയിലെ ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർപിഎഫിന് അവരുടെ മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. കേവലം പരിശോധകളിൽ മാത്രം ഒതുങ്ങരുതെന്നും ഫലം അടിസ്ഥാനമാക്കിയുള്ള റെയ്ഡുകൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം.
ആർപിഎഫും (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും) ജിആർപിയും (ഗവ. റെയിൽവേ പോലീസ്) ചേർന്ന് രാത്രികാല കോമ്പിംഗ് ഓപ്പറേഷനുകൾ തുടങ്ങിക്കഴിഞ്ഞു. പരിശോധനകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളെയും പ്രശ്നക്കാരെയും കുറിച്ച് ട്രെയിൻ ജീവനക്കാർക്കും ഇനി ജാഗ്രതാ നിർദേശം നൽകും.
മാത്രമല്ല ട്രെയിനുകളിലോ സ്റ്റേഷനുകളിലോ സംശയാസ്പദമായി എന്ത് കണ്ടാലും അടിയന്തരമായി ആർപിഎഫും ജിആർപിയും വിവരം കൊമേഴ്സ്യൽ കൺട്രോൾ റൂമുകളിൽ റിപ്പോർട്ടും ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
സ്ത്രീ യാത്രക്കാർക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ച് സമർപ്പിത "മേരി സഹേലി' ടീമുകൾ ഡിവിഷന് കീഴിൽ പ്രവർതിക്കുന്നുണ്ട്.
നാഗർകോവിൽ, തിരുവനന്തപുരം സൗത്ത് (നേമം), തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ), എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ റെയിൽവ സ്റ്റേഷവകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങളും ഉറപ്പും ഇതര സഹായങ്ങളും നൽകുക എന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഇവർ 36,000 സ്ത്രീ യാത്രക്കാരുമായി സംവദിച്ചു.
മാത്രമല്ല 2025 ൽ തിരുവനന്തപുരത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറി. ഇതുകൂടാതെ ഇതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 34 പേരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.
സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 601 പേരെ ആർപിഎഫ് സംഘം പിടികൂടി കേസെടുത്തു. ഇതുകൂടാതെ റെയിൽവേ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിന് 7193 പേരെയും പിടികൂടി പിഴ ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
ഈ വർഷം ഇതുവരെ യാത്രക്കാരുടെ സുരക്ഷക്കായി ആകെ 2945 ട്രെയിനുകളിൽ 8177 ആർപിഎഫ് ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചു. ഡിവിഷൻ പരിധിയിലെ 13 സ്റ്റേഷനുകളിൽ 24 മണിക്കൂറും സിസിടിവി കാമറകൾ നിരീക്ഷിക്കുന്നുണ്ട്.
494 കാമറകളിലെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രത്യേക ടീം തത്സമയം പരിശോധിക്കുന്നത്. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പൊതുവായ സുരക്ഷ ഉറപ്പാക്കുന്നത് ഡിവിഷനിൽ ഉടനീളം ശരാശരി 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 ജിആർപി ഉദ്യോഗസ്ഥരുമാണ് എല്ലാ ദിവസവും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത്.
യാത്രാ സുരക്ഷ സംബന്ധിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 425 ക്യാമ്പുകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിടേക്കം 315 കോച്ചുകളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ആർപിഎഫ് നിരീക്ഷിക്കുന്നുണ്ട്.
ഇതുകൂടാതെ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ജനറൽ കോച്ചുകളുടെ വീഡിയോഗ്രാഫിയും കാമറകളിൽ പകർത്തുന്നുണ്ട്. ഫുട്ബോർഡ് യാത്രക്കാരെ പിടികൂടി കർശന നടപടി സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നേരത്തേ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ താക്കീത് ചെയ്യുക മാത്രമാണ് നടന്നു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ജനറൽ കോച്ചുകളിലും അംഗപരിമിതർക്കായുള്ള കോച്ചുകളിലും വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തും.
യാത്രയ്ക്കിടയിൽ അസാധാരണമായ എന്ത് ശ്രദ്ധയിൽപ്പെട്ടാലും സഹയാത്രികരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായാലും റെയിൽ ഹെൽപ്പ് ലൈൻ നമ്പരായ 139 വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡിവിഷണൽ ആർപിഎഫ് അധികൃതർ അറിയിച്ചു.